5/09/2018

അച്ചന്റെ കത്ത് 'ബിംബങ്ങൾ' (ഒക്ടോബർ 2018)

കോടിക്കണക്കിന് അത്താഴപ്പട്ടിണിപ്പാവങ്ങളന്തിയുറങ്ങുന്ന നാട്ടിൽ കാക്കയ്ക്ക് കാഷ്ഠിക്കുവാൻ വേണ്ടി മാത്രം ലക്ഷം കോടികളുടെ പ്രതിമകൾ സ്ഥാപിച്ച് രാജ്യപുരോഗതി കാണിക്കുന്ന ഒരു രാജ്യം. നിരന്തരം അനീതികൾ മാത്രം ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരണ ശേഷിയും, ശംബ്ദവും ചലനവും നഷ്ടപ്പെട്ട് പ്രതിമകളാക്കപ്പെട്ട ഒരു ജനത. സഹോദരങ്ങളുടെയും സമസൃഷ്ടികളുടെയും പ്രാണവേദനകൾ പോലും നിർവ്വികാരതയോടെ ഒരു Selfie Stick മായി ഒപ്പിയെടുക്കാൻ വെമ്പുന്ന പുതുതലമുറ. ചുറ്റിലും നിർജ്ജീവവും നിർവ്വികാരവുമായ ബിംബങ്ങൾ മാത്രം - ചലനമറ്റ, കരുണയറ്റ, സ്വപ്നമറ്റ വെറും പ്രതിമകൾ - നാം!!!.

ഇതിനപവാദമായ ചിലരെങ്കിലും ചിലപ്പോഴെങ്കിലും അവതരിക്കാറുണ്ട് - എങ്കിലും സമൂഹമവരേയും അവരുടെ ആദർശങ്ങളേയും ബിംബവത്കരിച്ച് ചില്ലുകൂട്ടിലടച്ച് പടിക്ക് പുറത്ത് നിർത്തിയിട്ടേയുള്ളു - ഗാന്ധിയും ശ്രീനാരായണ ഗുരുവുമൊക്കെ ഉദാഹരണം മാത്രം.എന്നാൽ നമ്മുടെ സമൂഹത്തിൽ മൂല്യങ്ങൾ  ഒന്നും അണഞ്ഞു പോയിട്ടില്ല എന്ന് വിളിച്ചു പറയുകയാണ് ഈ കഴിഞ്ഞ വെള്ളപ്പൊക്കവും രക്ഷയ്ക്കായി ദൂതന്മാരെന്നോണം ഓടിപ്പാഞ്ഞെത്തിയ കുറേ മനുഷ്യരും.
1 രാജാ 18:27 ൽ ഏലിയാപ്രവാചകൻ ബാൽ വിഗ്രഹത്തിന്റെ പ്രവാചകൻമാരേ കളിയാക്കുന്നതിങ്ങനെയാണ് - ' ഉറക്കെ വിളിക്കൂ, അവൻ ധ്യാനിക്കുകയായിരിക്കാം അല്ലെങ്കിൽ വെളിക്ക് പോയതായിരിക്കാം, അല്ലെങ്കിൽ യാത്രയിലോ ഉറക്കമോ ആയിരിക്കാം '. കണ്ണുതുറക്കാത്ത,കരയാനറിയാത്ത, ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളാണ് ദൈവങ്ങൾ എന്ന് കവി പാടുന്നു.
എന്നാൽ ജീവനുള്ള ദൈവം മയങ്ങുകയില്ല, ഉറങ്ങുകയുമില്ല (സങ്കീ 121) എന്ന് സത്യവേദപുസ്തകം അടിവരയിടുന്നു.

ബുദ്ധന്റെ ശിലാപ്രതിമ കണ്ടിട്ടുണ്ടോ ? കാലുകൾ പിണച്ച്, കരങ്ങൾകൂപ്പി, കണ്ണുകൾ അടച്ച്, ഒരു വെളുത്ത ചിരിയുമായി ധ്യാനത്തിൽ ഇരിക്കുന്ന രൂപം. ജീവിത യാഥാർത്യങ്ങൾക്കെതിരെ കണ്ണുകൾ അടച്ച് ! . ജീവിതത്തിലെ കൊടും യാതനയിൽ നിന്നും ദു:ഖങ്ങളിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടം തന്നെയായിരുന്നെല്ലോ ആജീവതം മുഴുവൻ. എങ്കിലും വേദപുസ്തകം ഒരു രൂപം നമ്മുടെ ഹൃദയത്തിൽ വരച്ചിടുന്നുണ്ട്- ഒറ്റയാക്കപ്പെട്ട, കാലുകൾ ഭാരം മൂലം തിരിഞ്ഞു പോയ, കരങ്ങൾ ആണികളാൽ തറക്കപ്പെട്ട, കീറി മുറിക്കപ്പെട്ട ഉടലുള്ള, കരുണാർദ്രമായ തുറന്ന കണ്ണുകളുള്ള, ദഹാർത്തമായ ഉണങ്ങി വരണ്ട അധരമുള്ള, പിതാവിനാലും മനുഷ്യരാലും ഉപേക്ഷിക്കപ്പെട്ട ക്രിസ്തുവിന്റെ രൂപം. ജീവിതത്തിലെ വേദനകളിൽ നിന്ന് ഒളിച്ചോടുവാനല്ല, ജീവിത യാഥാർത്യങ്ങളേ സധൈര്യം നേരിടുവാനും, മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരുവാനും ഈ കാഴ്ച നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്.സമസൃഷ്ടികളേ സ്വന്ത ജീവിതം പോലെ സ്നേഹിച്ച ദൈവപുത്രൻ ജീവിതത്തോട് മുഖം തിരിച്ചില്ല. തന്റെ സ്വപ്നങ്ങളും, അധ്വാനവും, സമയവും,ജീവിതം മുഴുവനും, സ്വന്ത ജീവൻ തന്നെയും മറ്റുള്ളവർക്ക് വേണ്ടിയായിരുന്നില്ലേ? ഈ മനോഭാവമാണ് ക്രിസ്തുവിനെ വെറുമൊരു ബിംബമാക്കാതിരുന്നത്. ക്രിസ്തുവിന്റെ ഈ ഭാവം തന്നെ നമ്മിലും ഉരുവാകട്ടെ.ഒരു പ്രളയം വേണ്ടി വന്നുവോ കെട്ടു  പോയ മൂല്യങ്ങളെ വീണ്ടും ഊതിക്കത്തിക്കുവാൻ ? ബിംബവത്കരിക്കപ്പെട്ട /പ്രതിമകളാക്കപ്പെട്ട ഈ സമൂഹത്തിൽ സചേതനരായി ജീവിക്കുവാൻ ക്രിസ്‌തുവിന്റെ  ഭാവം നമ്മുക്കെന്നും ആവശ്യമാണ്.

ജോ വർഗ്ഗീസ് അച്ചൻ

No comments:

Post a Comment

Note: only a member of this blog may post a comment.

Greek Mythology

T he Greeks believe that Prometheus is the Potter God. He makes man from clay. One day, he decided to sculpt a statue of Truth, who would co...