ജോർജ് അന്നും പതിവ് പോലെ റേഷൻകടയും പൂട്ടിയിറങ്ങി.നിലാവുണ്ട്. ആ വെളിച്ചം അയാൾ നടന്ന മൺപാതയെ സ്വർണനിറത്തിലാക്കിയിരുന്നു.നടക്കുന്നതിനിടയിൽ ജോർജിന്റെ ചിന്തകൾ മുരുണ്ടുകൂടി.ചെരുപ്പ് ശീലമില്ലാത്തതിനാൽ പാദങ്ങൾ എന്നും ഈ വഴിയെ അറിയുന്നതാണ്.അതുകൊണ്ട് സ്വപ്നലോകത്തായിരുന്നാലും നേരെ വീട്ടിൽ ചെല്ലും.
കടയിൽ എലിശല്ല്യം കലശലായിരിക്കുന്നു;ത്രാസ് പഴകിയത് കൊണ്ട് തട്ട് വല്ലാതെ ദ്രവിച്ചിരിക്കുന്നു. ഇതിന്റെ പേരിൽ ഇന്നും പറച്ചിൽ കേട്ടു.
മനസ്സിൽ ആളിയ ചിന്ത ഇതൊന്നുമല്ല.ഇനിയും വേണം നാലു ലക്ഷം!അയാളുടെ മനസ്സ് തിങ്ങിത്തിളച്ചു.
അന്നയ്ക്ക് ഒരു വേദന തോന്നിയതായിരുന്നു. അതു പിന്നെയും പിന്നെയും വന്നപ്പോൾ ഡോ. പണിക്കരെ ഒന്ന് കണ്ടു.
"നിങ്ങൾ ഓങ്കോളജിസ്റ്റിനെ കണ്ടു നോക്ക്"
എന്ന് പണിക്കർ ഡോക്ടർ പറഞ്ഞപ്പോൾ മാറിലെ വേദന മസ്തിഷ്ക്കത്തെ എരിച്ചു.നടത്തിയ ടെസ്റ്റുകൾക്കും റിപ്പോർട്ടുകൾക്കും കൈകൊട്ടിപ്പറയാൻ ഉണ്ടായിരുന്നത് സംശയങ്ങൾ ശരിയാണെന്നായിരുന്നു.
ജോർജിന്റെ മനക്കടലിൽ വേലിയേറ്റം മുറുകുകയായിരുന്നു. ഒരു എത്തും പിടിയുമില്ല.മകളെ കെട്ടിച്ച കടം ഇനിയും തീർക്കാൻ ഉണ്ടായിരുന്ന അയാൾക്ക് നെടുവീർപ്പെടാൻ മാത്രം കെൽപ്പുണ്ടായിരുന്നു.
ചിന്തയും നടപ്പും സമാസമം ആയതിനാൽ പെട്ടെന്നു വീടെത്തി. കൽപ്പടികളിൽ ചവിട്ടി അയാൾ മുറിക്കക ത്തേയ്ക് കയറി.
"എടീ.... അന്നമ്മേ... "
മങ്ങിയ സ്വരത്തിലുള്ള ആ വിളി ജനലും കതകും കട്ടിളപ്പടികളും കടന്നു അങ്ങ് അടുക്കളേൽ ചെന്ന് നിന്നു.ഏതോ ചിന്തയിൽ മുങ്ങിത്താണുകൊണ്ടിരുന്ന അന്ന പെട്ടന്ന് ഉമ്മറത്തേക്കു വന്നു. കതകു തുറക്കുന്ന കൂട്ടത്തിൽ അവൾ ചോദിച്ചു.
"ഇച്ചായാ മണ്ണെണ്ണ കൊണ്ടുവന്നോ"?
വിധിയെ ഓർത്തു തളർന്ന അയാളുടെ മറുപടി ഒരു മൂളൽ മാത്രമായി.
"ഞാനൊന്നു കുളിച്ചിട്ട് വരാം. നീ കഴിക്കാൻ എടുത്തു വെയ്ക്ക്. നാളെ ആശുപത്രിയിൽ പോകാനുള്ളതല്ലേ.കട നാളെ രഘു തുറന്നോളും"
നിദ്രയുടെ മടിത്തട്ടിൽ ചായുമ്പോൾ അയാൾക്ക് ഉറക്കം അന്യമായിരുന്നു. കഷ്ടപ്പെട്ട് ആ ഇരുട്ട് അയാൾ വെളുപ്പിച്ചെടുത്തു.
കാലത്ത് ആറിന്റെ ബസിനു കയറി ആശുപത്രിയിലെത്തി.പേരു വിളിക്കുന്നതും കാത്തു ഡോക്ടറിന്റെ മുറിക്കു പുറത്തിരിക്കുമ്പോൾ അയാൾ അന്നയുടെ മുഖത്തേക്ക് പലപ്പോഴും നോക്കി.നിഴലുകളാണ് അവിടെയും ഇവിടെയും.
ഇപ്രാവശ്യം അന്നയ്ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. അവളെ അകത്തേക്ക് കയറ്റി വിട്ടിട്ടു അയാൾ പുറത്തേക്ക് നടന്നു. സിമന്റ് തറയിൽ അയാളുടെ ഉള്ളംകാൽ തണുത്തു.
ആശുപത്രിയുടെ പുറത്ത് ഒരു കുരിശ് തൂങ്ങുന്നുണ്ട്.അതിനടുത്ത് ഒറ്റയ്ക്കിരുന്ന കസേരയിൽ അയാളിരുന്നു. നെടുവീർപ്പുകളുടെ ഖനം കൂടുന്നുണ്ട് എന്ന് അയാൾക്ക് തന്നെ തോന്നിത്തുടങ്ങി.
അധികം വെളിച്ചമില്ലാത്ത ആ മുറിയിലെ ജനാലച്ചില്ലിൽ ജോർജിന്റെ യാചനകളുടെ ഭാവം മാത്രം പ്രതിഫലിച്ചു.അധികം താമസിയാതെ മരുന്ന് ചീട്ടും കയ്യിലേന്തി അന്ന വന്നു.അയാൾ എഴുന്നേറ്റു അന്നയുടെ കയ്യും പിടിച്ചു ഇറങ്ങി നടന്നു,ആ ഉച്ച വെയിലിലേക്ക്...
അപ്പോഴും മനസ്സ് മന്ത്രിച്ചു, ബാക്കി പണം എങ്ങനെയും തരാക്കണം !
No comments:
Post a Comment
Note: only a member of this blog may post a comment.